Saturday, February 21, 2009

അപ്പച്ച്ച്ന്‍

എല്‍ബി.....ഇവളെന്റ്റെ പ്രിയ കൂട്ടുകാരി.കുറച്ചുനാളായി അവളെ വിളിച്ചിട്ട്.ഓരോരോ തിരക്ക് കാരണം വിളീക്കാന്‍ സാധിക്കാറില്ല.വിളിക്കണമെന്ന് വിചാരിക്കുമ്പോള്‍ ഫോണില്‍ ആവശ്യത്തിന് ബാലന്‍സും ഉണ്ടാകാറില്ല.കുറച്ച് മുന്‍പ് വിളിക്കുന്നത് വരെ അവള്‍ സന്തോഷമായിരിക്കുകയായിരിക്കും എന്നാണ് കരുതിയത്.കൈയിലുള്ള അവളുടെ രണ്ട് നമ്പറില്‍ വിളീച്ചിട്ടും അവളെകിട്ടാതായപ്പോഴാണ് അപ്പച്ചന്റ്റെ നമ്പറില്‍ വിളിച്ചത്.അവളുടെ അപ്പച്ചനെ എനിക്ക് വലിയ ഇഷ്ട്ടമാണ്.അപ്പച്ചന് എന്നേയും.പതിവ് പോലെ അപ്പച്ചന്റ്റെ ‘സുഖമാണോ മോളെ?’എന്നുള്ള ചോദ്യം പ്രതീക്ഷിച്ച ഞാന്‍ കേട്ടത് ബിനുചേച്ചിയുടെ മോന്റ്റെ ശബ്ദമാണ്.ഇടക്ക് അവനാണ് ഫോണ്‍ എടുക്കാറ്.ഞാന്‍ അപ്പച്ചന് ഫോണ്‍ കൊടുക്കാന്‍ പറഞ്ഞപ്പോള്‍ അവന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ ഞെട്ടി.‘അതിന് അപ്പച്ചന്‍ മരിച്ച് പോയല്ലോ’എന്ന് അവന്‍ പറഞ്ഞപ്പോള്‍,ഞാനത് വിശ്വസിക്കാന്‍ പറ്റാതെ ഒരുനിമിഷം മരവിച്ചിരുന്നു.എല്‍ബി ഫോണ്‍ വാങ്ങിസംസാരിക്കുമ്പോള്‍ ഞാനിപ്പുറത്ത് തരിച്ചിരിക്കുകയായിരുന്നു.ഞങ്ങള്‍ക്കിനി ആരുമില്ല എന്ന് പറഞ്ഞ് അവള്‍ കരയ്യുമ്പോള്‍ അവളെ ആശ്വസിപ്പിക്കാനാവാതെ ഞാന്‍ വല്ലാതെ വിഷമിച്ചു.മക്കളെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരപ്പച്ചനെ ഞാന്‍ വേറെ എവിടേയും കണ്ടിട്ടില്ല. അദ്ദേഹത്തിന് മക്കള്‍ ജീവനായിരുന്നു.വിവാഹം കഴിഞ്ഞ് മക്കളുള്ള അവറ്ക്ക് അദ്ദേഹം ഇപ്പോഴും ഭക്ഷണം വാരികൊടുക്കുമായിരുന്നു.ആദ്യ വിവാഹം പരാജയമായിരുന്ന എല്‍ബിക്ക് പൂര്‍ണ്ണപിന്തുണയുമായി അവളുടെ അദ്ദേഹം നിലയുറപ്പിച്ച് നിന്നത് കൊണ്ട് മാത്രമാണ് അവള്‍ക്കിന്ന് നല്ലൊരു ജീവിതം കിട്ടിയത്.കഴിഞ്ഞതവണ നാട്ടില്‍ചെന്നപ്പോഴാണ് അവസാനമായി ഞാന്‍ അപ്പച്ചനെ കാണുന്നത്.നീണ്ട എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ തവണ ഞാനവിടെ പോകുന്നത്.ഇതിനിടയില്‍ എല്‍ബിയുടെവിവാഹം കഴിഞ്ഞതും കുറച്ചുദിവസം മാത്രം നീണ്ടുനിന്ന ആ ബന്ധം വേര്‍പിരിഞ്ഞതും ഞാനറിന്ഞ്ഞിരുന്നു.അതിനുശേഷം അവരെല്ലാം മാനസികമായിവല്ലാതെ വിഷമത്തിലായിരുന്നു.ആ സമയത്തൊന്നും എനിക്കവിടെ പോകാന്‍ സാധിച്ചിരുന്നില്ല.അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എല്‍ബിക്ക് പിന്നൊരു ജീവിതം കിട്ടിയത്.നല്ല സ്നേഹമുള്ള ഭര്‍ത്താവിനെ തന്നെ മകള്‍ക്ക് കിട്ടിയ സന്തോഷത്തിലായിരുന്നു അപ്പച്ചന്‍.ഇവനെന്റ്റെ മകനാണ് എന്നാണ് അപ്പച്ചന്‍ പറയുക.
ഞാന്‍ അവസാനമായികാണുമ്പോള്‍ അറ്റാക്ക് വന്ന് റെസ്റ്റിലായിരുന്നു അപ്പച്ചന്‍.വെളുത്ത് മെലിഞ്ഞ് എപ്പോഴും കലപിലകൂട്ടി നടക്കുന്ന എന്റ്റെ പഴയരൂപമായിരുന്നു എല്ലാവരുടേയും മനസില്‍.നല്ല തടിയൊക്കെ വച്ച് രണ്ട് കുട്ടികളുടെ അമ്മയായി ഞാനവിടെ ചെല്ലുമ്പോള്‍ അപ്പച്ചന്റ്റെ സന്തോഷം ഒന്നു കാണേണ്ടതായിരുന്നു.എന്നോട് ഒരുപാട് സംസാരിച്ചു അപ്പച്ചന്‍.രൂപത്തിന് മാത്രമേ മാറ്റമുള്ളൂ എന്റ്റെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല എന്നു പറഞ്ഞ് അപ്പച്ചന്‍ ഒരുപാട് ചിരിച്ചു അന്ന്.എന്റ്റെ പുതിയവീടിന്റ്റെ ഫോട്ടോ കണ്ട് അപ്പച്ചന്‍ ഒത്തിരി സന്തോഷിച്ചു.എന്റ്റെ ഏതുവിഷമഘട്ടത്തിലും എനിക്ക് താങ്ങായി എബിയുടെ അപ്പച്ചനും,അമ്മച്ചിയും ഉണ്ടായിരുന്നു.ഞാന്‍ നല്ലനിലയില്‍ എത്തീ എന്നറിയുന്നതില്‍ അവര്‍ക്കുള്ള സന്തോഷം അവരുടെ ഓരോ ചലനത്തിലും കാണാമായിരുന്നു.യാത്ര പറഞ്ഞിറങ്ങാന്‍ നേരം ‘നീ നന്നായി വരും മോളെ’ എന്നു പറഞ്ഞ് എന്റ്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.....അപ്പച്ചന്‍. നെറുകയില്‍ സ്നേഹത്തോടെ ഒരുമ്മ തന്നു.അപ്പോള്‍ ഞാനൊരു അഞ്ച് വയസ്സ് കാരിയാവുകയായിരുന്നു...................കണ്ണീരോടെ മനസ്സ് നിറഞ്ഞാണ് ഞാനന്ന് അവിടെനിന്നിറങ്ങിയത്.
ഇനി എനിക്കെന്റ്റെ അപ്പച്ചനെ കാണാന്‍ പറ്റില്ല..........മോളേ........എന്നുള്ള ആ വിളി കേള്‍ക്കാന്‍ പറ്റില്ല.എന്നെ അനുഗ്രഹിക്കാന്‍, ചേര്‍ത്ത് നിര്‍ത്തി നെറുകയില്‍ സ്നേഹചുംബനം നല്‍കാന്‍ അപ്പച്ച്നില്ല...!ആലോചിക്കുന്തോറും എന്റ്റെ ഹ്രിദയം നുറുങ്ങുന്നു...ആ മക്കളെങ്ങനെ ഈ വേര്‍പാട് സഹിക്കുന്നു.........പറ്റുന്നില്ലപ്പച്ചാ എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല.....നെറുകയില്‍ പതിഞ്ഞ ആ ഉമ്മയുടെ ചൂട് ഇപ്പോഴും എനിക്കനുഭവപ്പെടുന്നു........സുഖമാണോ മോളേ എന്ന് ചോദിക്കാന്‍ ഇനി അപ്പച്ചനില്ല....ഒന്ന് കാണാന്‍ വല്ലാതെ കൊതിയാകുന്നു...അപ്പച്ചാ നിങ്ങളെനിക്ക് എല്‍ബിയുടെ അപ്പച്ചനല്ലായിരുന്നു..........എന്റ്റെ സ്വന്തം അപ്പച്ചനെപോലെയായിരുന്നു.....!