Friday, June 13, 2008

ഒരു പാവം ചീനച്ചട്ടി

ഒരുപാട് അനുഭവങ്ങള്‍ ഉള്ളതുകൊണ്ടാവും ഏതെഴുതണമെന്ന് എപ്പോഴും സംശയമാണ്.ഇതൊരു പാവം ചട്ടിയുടെ കഥയാണ്.ഈ ചട്ടിക്കെന്താണ് എന്റ്റെ ജീവിതത്തില്‍ ഇത്ര പ്രാധാന്യം എന്നു ചിന്തിക്കാന്‍ വരട്ടെ.ഞാന്‍ ആദ്യമായി കൈകാര്യം ചെയ്ത ഒരു ചട്ടിയുടെ അനുഭവം കേള്‍ക്കൂ.........
ഞങ്ങളുടെ വിവാഹം കഴിഞ്ഞതിന്റ്റെ പിറ്റേന്നാണ് സംഭവം.അമ്മയില്ലാതെ വളര്‍ന്നതുകൊണ്ടാവും ഭര്‍ത്താവിന്റ്റെ അമ്മയെകുറിച്ച് ഒരുപാട് സങ്കല്‍പ്പങ്ങളുണ്ടായിരുന്നു മനസ്സില്‍.പക്ഷെ അമ്മ ഒരു പ്രത്യേകസ്വഭാവമുള്ള ഒരാളാണെന്ന് അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.എന്നാലും ആണ്‍ മക്കള്‍ മാത്രമുള്ള അമ്മയ്ക്ക് എന്നെ ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് തന്നെ ഞാന്‍ കരുതി.അമ്മ വളരെ പരുക്കന്‍ സ്വഭാവമുള്ളൊരാളാണ്.മക്കളോട് പോലും സ്നേഹത്തോടെ സംസാരിക്കാറില്ല ആ അമ്മ.എപ്പോഴും മുഖം കറുപ്പിച്ചേ നടക്കൂ.എല്ലാവര്‍ക്കും പേടിയാണമ്മയെ.പക്ഷേ ഞാനതൊന്നും അത്ര ശ്രദ്ധിച്ചില്ല.കാരണം പുലിമടയില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു ഞാന്‍.പക്ഷേ ഞാനൊരു സിംഹത്തിന്റ്റെ വായിലാ‍ണ് തല വച്ച് കൊടുത്തിരിക്കുന്നത് എന്ന് അധികം താമസിയാതെതന്നെ എനിക്ക് മനസിലായി.
വിവാഹം കഴിഞ്ഞതിന്റ്റെ പിറ്റേന്ന് വൈകുന്നേരം അമ്മ എന്നെ വിളിച്ചു എന്നിട്ട് ചോദിച്ചു”നിനക്ക് കറിയൊക്കെ വയ്ക്കാന്‍ അറിയുമോ?”തെല്ല് പേടിയോടെ ഞാന്‍ പറഞ്ഞു-ഇല്ല-.പക്ഷേ പേടിച്ചത് പോലെയൊന്നും സംഭവിച്ചില്ല.ഒന്നും പറഞ്ഞില്ല.ഞാനപ്പോള്‍ കരുതി എല്ലാവരും എന്നെ വെറുതെ പേടിപ്പിച്ചതാണെന്ന്.ആശ്വസിച്ചങ്ങനെ ഇരിക്കുമ്മ്പോള്‍ തൊട്ടുമുന്പില്‍ അമ്മ...കൈയ്യില്‍ ഒരു കാബേജ്....അതെന്റ്റെ നേരെനീട്ടി അമ്മ പറഞ്ഞു “ഞാനൊന്നു പുറത്ത് പൊവുകയാണ്.വരുമ്പോഴേക്കും ഇത് തോരന്‍ വച്ച് വയ്ക്കണം”.ഞാന്‍ ചെറുതായൊന്ന് ഞെട്ടി.എന്നിട്ട് ദയനീയമായി അമ്മയെ ഒന്ന് നോക്കി.വളരെ ഗൌരവത്തിലാണ് ആള്.കാബേജ് അമ്മയുടെ കൈയ്യില്‍നിന്ന് വാങ്ങുമ്പോള്‍ എന്റ്റെ കൈ സാമാന്യം നല്ല രീതിയില്‍ വിറക്കുന്നുണ്ടായിരുന്നു.
അമ്മ അകത്ത് പോയി പുതിയൊരു ചീനച്ചട്ടി എടുത്ത് കൊണ്ട് വന്നു.അതെന്റ്റെ കൈയ്യില്‍ തന്നിട്ട് പറഞ്ഞു“പുതിയ ചട്ടിയാ...കരിച്ച് പൊകച്ച് വയ്ക്കരുത്.....പറഞ്ഞേക്കാം”.അതോടെ പേടി ഒന്നൂടെ കൂടി.കാബേജ് എങ്ങനെ അരിയും എന്നോര്‍ത്ത് തല പുണ്ണാക്കുമ്പോള്‍ അമ്മതന്നെ ഒരു കത്തിയും,പാത്രവും എടുത്തുകൊണ്ട് വന്നു എങ്ങനെ അരിയണമെന്ന് കാണിച്ച് തന്നു.അതോടെ ആടെന്‍ഷന്‍ കഴിഞ്ഞു.ഇനി അതില്‍ എന്തൊക്കെ ചേര്‍ക്കണമെന്നതാണ് അടുത്ത ചിന്ത.അമ്മ പോകാന്‍ റെഡിയാവുകയാണ്.അകത്തു നിന്ന് എന്തൊക്കെയൊ പറയുന്നുണ്ട്.ശ്രദ്ധിച്ചപ്പോഴാണ് മനസിലായത് തോരന്‍ എങ്ങനെ വയ്ക്കണമെന്നാണ് പറയുന്നതു.ശ്രദ്ധിച്ച് കേട്ടിരിക്കുമ്പോഴാണ് ഒരു കോഴി എന്റ്റെ ചെവിയുടെ ഉള്ളില്‍ കയറിയിരുനെന്നവണ്ണം കൂവിയത്.അതോടെ അത്രയും ഭാഗം വിട്ടുപോയി.വിട്ടുപോയ ഭാഗം പൂരിപ്പിക്കാന്‍ ചെന്നപ്പോഴേക്കും അമ്മ ഇറങ്ങികഴിഞ്ഞു.പുറകില്‍ നിന്ന് വിളിച്ചാല്‍ പ്രശ്നമായാലോ എന്ന് കരുതി വിളിച്ചില്ല.ഏകദേശ ഐഡിയ കിട്ടി. ഇനി അതുവച്ച് അങ്ങ് ഉണ്ടാക്കികളയാം എന്നു കരുതി സമാധാനിച്ചു.
എല്ലാം അരിഞ്ഞ് കൂട്ടിയോജിപ്പിച്ചു. ചട്ടി കഴുകിയെടുക്കുമ്പോള്‍ ഞാന്‍ ചട്ടിയോട് പറഞ്ഞു‘ഞാനും പുതിയത് നീയും പുതിയത് കരിഞ്ഞ് പിടിക്കാതെ നീ എന്നെ സഹായിക്കണം.’എന്തായാലും സകലദൈവങ്ങളേയും മനസ്സില്‍ വിചാരിച്ച് ഞാനാ തോരന്‍ ഉണ്ടാക്കി.ഭാഗ്യത്തിന് ചട്ടിയുടെ അടിഭാഗത്തൊന്നും കരിഞ്ഞ്പിടിച്ചില്ല.ഇനി ഫലമറിയാനുള്ള കാത്തിരുപ്പാണ്.നല്ലതാണൊയെന്നറിയണമെങ്കില്‍ അമ്മ വരണം.അമ്മ വന്നപ്പോള്‍ സന്ധ്യയായി,വന്നവഴി മുറ്റത്ത് നിന്ന് ആരെയൊ വഴക്കുപറയുന്നതു കേട്ടു.ചെന്നുനോക്കിയപ്പോഴാണ്,വേറെ ആരേയുമല്ല എന്നെയാണെന്നു മനസ്സിലായത്.ഈ ടെന്‍ഷന്റ്റെ ഇടക്ക് ഞാന്‍ കോഴിക്കൂട് അടക്കാ‍ന്‍ മറന്ന് പോയി.അതാണ് കാരണം.അന്ന് ആ നാട്ടില്‍ വൈദ്ദ്യുതി എത്തി തുടങ്ങുന്നതേയുള്ളു.വിളക്ക് കൊളുത്തിയിരുന്നു ഞാന്‍..പക്ഷേ വിളക്കില്‍ മണ്ണെണ്ണ ഒഴിച്ചിരുന്നില്ല.മനപ്പൂര്‍വ്വമല്ല....മണ്ണെണ്ണ എവിടെയാണ് വച്ചിരിക്കുന്നതെന്ന് എനിക്കറിയില്ലായിരുന്നു.എന്തായാലും അതിനും കിട്ടി കണക്കിന്ചീത്ത.കുറച്ചു കഴിഞ്ഞപ്പോള്‍ ഭര്‍ത്താവും,അനിയന്മാരും എത്തി.അവര്‍ എന്തോ അത്യാവശ്യത്തിന് രാവിലെ പുറത്ത് പോയതാണ്.എന്തായാലും അത്താഴം വിളമ്പുന്നതിനിടക്ക് അമ്മ ഒരു നൂറുവട്ടമെങ്കിലും കറി ഞാന്‍ വച്ചതാണെന്ന് പറഞ്ഞീട്ടുണ്ടാവും.അവരാരും ഒരഭിപ്രായവും പറയാത്തത് കൊണ്ടാവും അമ്മ അവരോട് കറിയെങ്ങനെയുണ്ടെന്ന് ചോദിച്ചു.“കാബേജല്ലേ നന്നായിട്ടുണ്ട്”എന്നായിരുന്നു അവരുടെ മറുപടി.അമ്മയുടെ സ്വഭാവം അറിയുന്ന മക്കള്‍ എന്നെ വഴക്ക് കേള്‍പ്പിക്കാതിരിക്കാന്‍ എത്ര നന്നായില്ലെങ്കിലും നന്നായെന്നേ പറയൂ.അതെനിക്ക് അനുഗ്രഹമായി.അമ്മക്കവരുടെ മറുപടി തീരെ രസിച്ചില്ലായെന്ന് അമ്മയുടെ മുഖം കണ്ടാലറിയാം.കറിയുടെ പേരില്‍ പ്രശ്നമൊന്നും ഉണ്ടാവാതെ ആ രാത്രി കഴിഞ്ഞു.
പിറ്റേന്ന് നേരം പുലര്‍ന്നു...അമ്മക്ക് ഉറക്കമൊന്നുമില്ല.മൂന്ന് മണിയാവുമ്പോള്‍ അമ്മ എഴുന്നേല്‍ക്കും.പിന്നെ ആ വീട്ടിലാരേയും അമ്മ ഉറക്കില്ല.തട്ടും,മുട്ടും ബഹളവുമായി ഗംഭീരപണിയാണ്.മൂന്ന് മണിക്ക് എഴുന്നേല്‍ക്കാന്‍ തുടങ്ങിയതാണ് ഞാന്‍...5.30ന് പള്ളിമണിഅടിക്കും അപ്പോള്‍ എഴുന്നേറ്റാല്‍ മതിയെന്ന് അദ്ദേഹം പറഞ്ഞു.മൂന്ന് മണിമുതല്‍ ഉറങ്ങാതെ കിടന്നതു കൊണ്ടാവും പള്ളിമണിഅടിച്ചപ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു.പിന്നീട് വലിയൊരു ബഹളം കേട്ടാണ് ഞങ്ങളെല്ലാം ഉണര്‍ന്നത്...![തുടരും]

No comments: